ഹൗ ന്റെ റബ്ബേ.. ഓല്‍ക്കൊന്നും തീരെ കണ്ണീചോരല്ല്യേ... റോഹിങ്ക്യകളുടെ ഇറച്ചി നുറുക്കി കഴുകന്മാര്‍ക്ക് കൊടുക്കുന്നതിന്റെ വീഡിയോ കണ്ട ശേഷം ഉമ്മ അങ്ങനെയാണ് പ്രതികരിച്ചത്. ഉമ്മയങ്ങനെയാണ്, അധ്യാപകര്‍ വുദ്യാര്‍ത്ഥികളെ അടിക്കുന്നതു പോലും ഉമ്മാക്ക് സഹിക്കില്ല. എത്ര വല്ല്യ കാര്യമാണേലും മേല് വേധനാക്കാന്‍ പടച്ചോനല്ലാതെ ആര്‍ക്കും അവകാശമില്ല, ഓല്‍ക്കൊക്കെ നാളെ ഓന്‍ തന്നെ കൊടുത്തോളും. ആവി പറക്കുന്ന കറിപ്പാത്രം ടേബിളിലേക്കെടുത്തു വെക്കുന്നതിനിടയില്‍ ഉമ്മ വീണ്ടും വീഡിയോ നിരൂപണം നടത്തി. അതൊക്കെ ഓലും പടച്ചോനും ആയിക്കോളും, ജ്ജി പെട്ടെന്ന് ആ ചോറൊന്ന് കൊണ്ടന്നാ ആസ്യാ... ഉപ്പയാണ്. ചെറുതായിട്ട് ഉമ്മാക്കിട്ടൊരു താങ്ങല്‍. ഇങ്ങക്കൊക്കൊ എന്തേലും പറഞ്ഞാന്‍ മതി, നാല് നേരം ബെട്ടിമുണ്ങ്ങാനുള്ളത് തടസ്സഞ്ഞ്യാതെ കിട്ട്ണതോണ്ടാ... ഇതൊക്കെ ഒന്ന്ല്ല്യാതാവണം അപ്പൊ കാണാ ഓരെപറ്റ്യൊക്കെ ചിന്തിക്കണോ മാണ്ടേന്ന്.. ഉമ്മാക്ക് ദേഷ്യം കയറിവരുന്നതിന്റെ ലക്ഷണമാണ്. ഉപ്പ പിന്നെ മറുത്തൊന്നും പറഞ്ഞില്ല, ഉള്ളില്‍ ചിരിച്ചു, പിന്നെ എന്തോ ഗാഢമായി ചിന്തിച്ച് ഉമ്മ പ്ലൈറ്റ് കൊണ്ടുവരുന്നതും കാത്തിരുന്നു.
അല്ല, ഓല്‍ക്ക് ചോറും കറീം കിട്ടാത്തതിന് ജ്ജി എന്തിനാ തിന്നാതിരിക്കണേ.. ചോറ് കഴിക്കാനിരിക്കാതെ അടുക്കളയിലേക്ക് പോയ ഉമ്മയോട് ഉപ്പ വിളിച്ചു ചോദിച്ചു. മറുപടിയൊന്നുമില്ല. ഉപ്പ എന്തൊക്കെയോ ചിന്തിച്ച് ഒട്ടും താല്‍പര്യമില്ലാതെ അല്‍പ്പം ചോറു കഴിച്ചെന്നുവരുത്തി വേഗം എഴുന്നേറ്റു കൈ കഴുകി. നല്ല ഒന്നാം തരം ചോറും കറിയുമുണ്ടായിട്ടും ഉപ്പ ഒന്നും കഴിക്കാതിരിക്കുന്നത് ആദ്യമായിട്ടായിരുന്നു. സാധാരണ ഉപ്പയും ഉമ്മയും ഞാനും എല്ലാവരും ചേര്‍ന്ന് പാത്രം കാലിയാവുന്നതുവരെ ടേബിളില്‍ അങ്കം വെട്ടാറാണ് പതിവ്, അവസാനം ഉമ്മ പാത്രം കഴുകി തീരുന്നതു വരെ അടുക്കളയിലിരുന്ന് വെടിപറഞ്ഞ് എല്ലാവരും പോയി കിടന്നുറങ്ങും. ഇന്ന് എല്ലാം തലകീഴായി മറിഞ്ഞിരിക്കുന്നു. ഉമ്മ രീത്രി ഭക്ഷണം കഴിച്ചില്ല, പാത്രം രാവിലെ കഴുകാമെന്നു പറഞ്ഞ് വാഷ്‌ബേസിനിലിട്ടു, ലൈറ്റ് ഓഫ് ചെയ്യുന്ന ഡ്യൂട്ടി എന്നെ ഏല്‍പ്പിച്ച് ഉപ്പയും വേഗം റൂമില്‍ കയറി വാതിലടച്ചു. ആകെപ്പാടെ ഒരു ശ്മശാന മൂകത, ഏതോ ഇംഗ്ലീഷ് ഫിലീമിലെ യുദ്ധമൊടുങ്ങിയ മരുഭൂമി പോലെ അങ്ങിങ്ങായി ചില അസഹിഷ്ണുതയുടെ പുകച്ചുരുളുകള്‍ മാത്രം. ഏല്‍പിച്ച ഡ്യൂട്ടി കൃത്യമായി നിര്‍വ്വഹിച്ചെന്നുറപ്പുവരുത്തി ഞാനും കിടന്നു. എന്റെ ചിന്തകള്‍ ഇരുട്ടില്‍ അലിഞ്ഞലിഞ്ഞ് നേരം വെളുത്തു.
ഒരു രാത്രി ഉറങ്ങിയിട്ടും ഉമ്മാന്റെയുള്ളിലെ കത്തലടങ്ങിയിരുന്നില്ല. അതിരാവിലെ ഉപ്പ പണിക്ക് പോവുന്നതിനു മുമ്പ് ഇതും പറഞ്ഞ് ഉമ്മാനെ കളിയാക്കുന്നതു കേട്ടു. എന്റെ കാര്യമായിരുന്നു അതിലും കഷ്ടം, എന്നെ കുറിച്ച് ഉമ്മാക്ക് ഒരു ചിന്തയുമില്ല, അവസാനം ഗത്യന്തരമില്ലാതെ ഞാനും ഉപ്പയെപ്പോലെ ആ കുടിയേറ്റക്കാരെ പഴിച്ചു. ഒടുക്കത്തെയൊരു അഭയാര്‍ത്ഥികള്‍, ഈ ഉമ്മച്ചി ഇവരെയൊക്കെ വിളിച്ച് മനസ്സില്‍ കയറ്റിയപ്പൊ ഞമ്മള് പൊര്‍ത്തായി. അതും പറഞ്ഞ് ഞാന്‍ വീടിനു പുറത്തിറങ്ങി.
അത് ശരിക്കും ഏറ്റെന്നു തോന്നി, ഉടനെ പിന്നില്‍ നിന്നും വിളി വന്നു ടാ ഒന്നു നിന്നേ.. എങ്ങോട്ടാണാവോ രാവിലെ തന്നെ, ഇത് അഭയാര്‍ത്ഥി ക്യാമ്പൊന്നുമല്ല, ഹൊ, ഇങ്ങളെ എടേല് ഒന്ന് നല്ലത് ചിന്തിക്കാനും കൂടി പറ്റാതായല്ലേ.. ഒരു കള്ളച്ചിരിയോടെയായിരുന്നു ഉമ്മ അതു പറഞ്ഞത്. ഇന്നലെ രാത്രി മുതല്‍ ആശിച്ച വിളിയായിരുന്നു എനിക്കത്. ഒന്നും നോക്കിയില്ല ഓടിച്ചെന്ന് ഉമ്മയോടൊപ്പം ഒരു ദോശകൂടി കഴിച്ചു.
വൈകുന്നേരം ഉപ്പ വന്നപ്പോള്‍ ആദ്യത്തെ കമന്റ് അല്ല ഈ അഭയാര്‍ത്ഥി ക്യാമ്പില്‍ തിന്നാന്‍ വല്ലതും ഉണ്ടോ ആവോ... ഹ കിട്ടും കിട്ടും ഇന്ന് രാവിലെ യു എന്നിന്റെ സമാധാന വാഹനം വന്നതേ ഉള്ളൂ. ഉമ്മാന്റെ പിന്നില്‍ നിന്ന് ഞാനായിരുന്നു മറുപടി പറഞ്ഞത്.
നല്ല പൊടിയരി കഞ്ഞിയും ചമന്തിയും കഴിക്കുന്നതിനിടെ എന്റെ ചെവിയില്‍ പിടിച്ച് ഉപ്പയുടെ താക്കീത് ഇനി മേലാല്‍ ആ അഭയാര്‍ത്ഥി കുട്ട്യേളെ ഇബടെ കൊണ്ടന്നാ അന്ന് മുതല്‍ അന്നെ പേരേ കേറ്റൂല. ഓലൊക്കെ ഇബടെ കേറ്യാപിന്നെ ഞമ്മളൊക്കെ പൊര്‍ത്താ..
എല്ലാ കുറ്റവും എന്റെ മേല്‍ ചുമത്തി ഉപ്പ സമര്‍ത്ഥമായി ഉമ്മയെ രക്ഷപ്പെടുത്തി. എന്നാലും ഒരു കുടുംബം രക്ഷപ്പെട്ട സമാധാനത്തില്‍ വേഗം കഞ്ഞി കുടിച്ചു, ഇനിയും ഡിലീറ്റ് ചെയ്യാത്ത വീഡിയോ റീസൈക്കിള്‍ ബിന്നില്‍ തള്ളാന്‍ എഴുന്നേറ്റോടി..
ഉനൈസ് പള്ളിക്കല്‍
അഭയാര്‍ത്ഥി
Reviewed by IHSAN
on
08:00
Rating:

No comments: