About Me

പത്തായം The canvas, where islah students shapes and shares their arts and writing skills.. Stand to support us.... with thanks.. ihsaniuac@gmail.com

ഇസ്വലാഹ് അറിവിൻ വഴിയിൽ ഒരു വിളക്കുമാടം



 കേരളത്തിലെ അതിപുരാതനമായ മത വൈജ്ഞാനിക കേന്ദ്രമായിരുന്നു താനൂർ വലിയ കുളങ്ങരപള്ളി(മസ്ജിദ് സാഹിലിൽ ബിർകതിൽ കുബ്റ) ഈജിപ്ത്, യമൻ, ഹളർമൌത്, തുടങ്ങിയ വിദേശ രാഷ്ട്രങ്ങളിൽ നിന്ന് പോലും ഉന്നത പണ്ഡിതന്മാർ വിജ്ഞാനം പകരാനും നുകരാനും ഇവിടെ എത്തിയിരുന്നു എന്നത് ഒരു ചരിത്ര സത്യമാണ്. എട്ട് ശതകങ്ങൾക്ക് മുംബ് തന്നെ ഇവിടെ ദർസ് ആരംഭിച്ചിരുന്നു. ഹിജ്റ 675-ൽ ദർസ് 
main building
തുടങ്ങിയ ശൈഖുൽ ഇമാം മുഹമ്മദ് അബ്ദുല്ലാഹിൽ ഹള്റമിയായിരുന്നു പള്ളിയിലെ ആദ്യത്തെ മുഫ്തിയും മുദരിസും. വെളിയങ്കോട് ഉമർഖാസി (1237) അവുകോയ മുസ്ലിയാർ (1265) അശൈഖ് അബ്ദുർറഹ്മാൻ നഖ്ഷ ബന്തി (ഹി.1293) യൂസുഫുൽ ഫള്ഫരി, പരീക്കുട്ടി മുസ്ലിയാർ, പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ, തുടങ്ങിയ സ്വാതികരായ പണ്ഡിത പ്രതിഭകൾ ഈ പള്ളിയിൽ ദർസ് നടത്തിയിരുന്നു. സുപ്രസിദ്ധമായ ഈ ദർസ് മലബാർ കലാപം വരെ തുടർന്ന് വന്നു. മലബാർ കലാപം കത്തിപ്പടർന്നപ്പോൾ ഇവിടെ സദർ മുദരിസും ഖാസിയുമായിരുന്നത് ആമിനുമ്മൻറെകത്ത് പരീക്കുട്ടി മുസ്ലിയാരായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ മുഹിമ്മാതുൽ മുഅ്മിനീൻ എന്ന ഗ്രന്ഥം എഴുതിയതിനെ തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ പിടികൂടാൻ ശ്രമിച്ചു. ബ്രിട്ടീഷ് പട്ടാളത്തിന് പിടികൊടുക്കാതിരിക്കാനായി താനൂരിൽ നിന്നും നാട് വിട്ടു. ആ സമയത്ത് തൻറെ ശിഷ്യൻമാരിൽപ്പെട്ട ചിലർ ദർസ് തുടർന്ന് കൊണ്ടിരുന്നു. പക്ഷേ അതിൻറെ പഴയ പ്രതാപം തിരിച്ച് കൊണ്ട് വരാൻ അവർക്ക് സാധിച്ചില്ല.
      1921 അവസാനത്തിൽ നാട്ടിലെ പ്രമുഖരായ സ്വാതികരും നേതാക്കളും ഒരുമിച്ച്കൂടി ദർസ് പഴയ നിലയിലേക്ക് തിരിച്ച് കൊണ്ട് വരാനും ഒരു പ്രമുഖ പണ്ഡിതനെ മുദരിസായി നിയമിക്കാനും തീരുമാനിച്ചു. അതിനായി അവർ തെരെഞ്ഞെടുത്തത് പ്രമുഖ പണ്ഡിതനും വാഗ്മിയുമായിരുന്ന പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരെയായിരുന്നു. പാങ്ങിൽ ഉസ്താദ് ദർസ് ഏറ്റെടുത്തതോടെ മലബാറിൻറെ നാനാ ഭാഗത്ത് നിന്നും വിദ്യാർത്ഥികൾ താനൂരിലേക്ക് ഒഴുകാൻ തുടങ്ങി. അധികരിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷണ താമസ സൌകര്യ മുതലായവയെ സംബന്ധിച്ചും മുദരിസിൻറെ ശംബളത്തിൻറെ മാർഗം ആസൂത്രണം ചെയ്യുന്നതിനും വേണ്ടി 1924 ഒക്ടോബർ 26-ന് വലിയകുളങ്ങര പള്ളിയിൽ പണ്ഡിതരുടെയും നേതാക്കളുടെയും ഒരുയോഗം ചേരുകയും പ്രസ്തുത യോഗത്തിൽ വെച്ച് ദർസ് നടത്തിപ്പിനായി അസാസുൽ ഇസ്ലാം സഭ എന്ന ഒരു സംഘം രൂപീകരിക്കുകയും ദർസിന് ഇസ്ലാഹുൽ ഉലൂം മദ്റസ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. സ്ഥാപനത്തിൻറെ മാനേജറും പ്രിൻസിപ്പളുമായി പാങ്ങിൽ അഹമ്മദ് ഉസ്താദിനെ നിലനിർത്തി. 1926-ൽ പുതിയങ്ങാടി വലിയ മാളിയേക്കൽ അസ്സയ്യിദ് അബ്ദുറഹ്മാൻ മുല്ലക്കോയതങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ദർസ് വിപുലീകരണാർത്ഥം വെല്ലൂർ ബാഖിയാത്തിന് തുല്ല്യമായ ഒരു കെട്ടിടം നിർമിക്കാൻ തീരുമാനിച്ചു. അതിൻറെ ധനശേഖരണാർത്ഥം മൌലാനാ പാങ്ങിൽ അഹമ്മദ് മുസ്ലിയാരും മറ്റുചില പണ്ഡിതൻമാരെയും ചുമതലപ്പെടുത്തി.
valiya kulangara palli
   കോളേജിൻറെ പ്രചരണത്തിനായി 1926-ൽ ബഹു സയ്യിദ് മുല്ലക്കോയ തങ്ങൾ (കോഴിക്കോട്) ൻറെ അധ്യക്ഷതയിലും 1927-ൽ വെല്ലൂർ ബാഖിയാത്ത് നാള്വിർ ളിയാഉദ്ദീൻ ഹസ്റതിൻറെ അധ്യക്ഷതയിൽ മഹാ സമ്മേളനങ്ങൾ നടത്തി. 1928-ൽ സ്ഥാപനത്തിൻറെ പണി തുടങ്ങി. പ്രസ്തുത തറക്ക് മുകളിൽ വെച്ച് പൊന്നാനി മഉൌനത്തുൽ ഇസ്ലാം സഭാ പ്രസിഡൻറ് സയ്യിദ് ആറ്റക്കോയ തങ്ങൾ അവർകളുടെ അദ്ധ്യക്ഷതയിൽ ഒരു മഹാ സമ്മേളനം നടക്കുകയും ചെയ്തു. 1931-ൽ കെട്ടിടത്തിൻറെ പണി പൂർത്തികരിക്കുകയും ചെയ്തു. ഇക്കാലത്ത് പല ഘട്ടങ്ങളിലായി വിലക്ക് വാങ്ങിയ 20 നംബ്ര് സ്വത്തും വഖ്ഫായി കിട്ടിയ സ്വത്തും കൂടി 56 നംബ്ര് സ്വത്ത് സ്ഥാപനത്തിനു കരസ്ഥമായിരുന്നു. എ.പി അലവിക്കുട്ടി മുസ്ലിയാർ, വാളക്കുളം മുഹമ്മദ് മുസ്ലിയാർ, നിറമരതൂർ ബീരാൻകുട്ടി മുസ്ലിയാർ എന്നിവരെ അധ്യാപകരായി നിയമിക്കുകയും ചെയ്തു. 1943 ആയതോടുകൂടി ദർസിൻറെ തനിമ നഷ്ടപ്പെട്ടു തുടങ്ങി. പാങ്ങിൽ ഉസ്താദ് താനൂരിൽ നിന്ന് വിടവാങ്ങുകയും ചെയ്തു.
അതിന് ശേഷം കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാർ, വെള്ളിയാപുറം സൈതലവി മുസ്ലിയാർ, കെ.സി കുഞ്ഞഹമ്മദ് മുസ്ലിയാർ, കെ.പി മുഹമ്മദ് മുസ്ലിയാർ, കെ.പി.എ മൊയ്തീൻ കുട്ടി മുസ്ലിയാർ മുതലായവ മഹാ പണ്ഡിതൻമാർ ഇവിടെ ദർസ് നടത്തിയിരുന്നു.
   1940 കളിൽ മലബാറിൽ പടർന്ന്പിടിച്ച കോളറയുടെ ഫലമായി താനൂരിലും അയൽ പ്രദേശങ്ങളിലുമായി നൂറ്റംബതോളം അനാഥ കുട്ടികളെ സർവെൻറ് ഓഫ് ഇന്ത്യൻ സൊസൈറ്റിയുടെ കീഴിൽ അനാഥ ശാലകളിൽ ഇതര സമുദായത്തിലെ കുട്ടികളോടൊപ്പം താമസിച്ചു വളർത്തികൊണ്ടു വരുന്നതിൻറെ അനൌചിത്വം മനസ്സിലാക്കിയ ബാഫഖി തങ്ങൾ മുസ്ലിം കുട്ടികളെ ഇതരസ്ഥാപനങ്ങളിൽ നിന്ന് പിൻവലിക്കുകയും പ്രസ്തുത കുട്ടികളെ ചേർത്ത് കൊണ്ട് അന്ന് നിശ്ചലമായിരുന്ന കോളേജ് കെട്ടിടത്തിൽ ഒരു മുസ്ലിം അനാഥശാല സ്ഥാപിക്കുകയും ചെയ്തു. ബാഫഖി തങ്ങളായിരുന്നു പ്രസ്തുത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അന്നത്തെ കോളേജിൻറെ മാനേജറായിരുന്ന കെ.പി ഉസ്മാൻ സാഹിബിനെയായിരുന്നു ബാഫഖി തങ്ങൾ ഈ ചുമതല ഏൽപിച്ചിരുന്നത്.
1950-ൽ പതി അബ്ദുൽ ഖാദിർ മുസ്ലിയാർ വലിയകുളങ്ങര പള്ളി, ഇസ്ലാഹുൽ ഉലൂം മദ്റസാ, യതീംഖാന എന്നീ സ്ഥാപനങ്ങളുടെ മാനേജറും മുദരിസുമായി നിയമിതനായി. പിന്നീട് പല പ്രമുഖരും മുദരിസായി നിയമിതരായെങ്കിലും സ്ഥാപനത്തിൻറെ പഴയ കാല പ്രതാപം തിരിച്ച് കൊണ്ട് വരാൻ സാധിച്ചില്ല. അതിലുപരി സ്ഥാപനത്തിൻറെ വഖ്ഫ് സ്വത്തുകൾ അന്യാധീനപ്പെടുകയും കെട്ടിടത്തിന് കേട്പാടുകൾ സംഭവിക്കാനും തുടങ്ങി.
kk HAZRATH
ഈ ദുഷ്സാഹചര്യം കണക്കിലെടുത്ത് താനൂരിലെ നേതാക്കന്മാർ സമസ്ത മുശാവറയുമായി ആലോചിച്ചതടിസ്ഥാനത്തിൽ 1954-ൽ താനൂരിൽ വെച്ച് നടന്ന സമസ്ത ഇരുപതാം സമ്മേളനത്തിൽ വെച്ച് സ്ഥാപനം സമസ്തക്ക് ഏൽപിച്ച്കൊടുത്തു.
   സമസ്ത ഏറ്റെടുത്തശേഷം ഖുതുബി മുഹമ്മദ് മുസ്ലിയാരെ സദർ മുദരിസായും കെ.പി.എ. മുഹയുദ്ദീൻകുട്ടി മുസ്ലിയാർ, പി. ഇബ്രാഹിം മുസ്ലിയാർ എന്നിവരെ മുദരിസുമാരായും നിയമിച്ചു. പിന്നീട് കെ.പി.എ മുഹയുദ്ദീൻകുട്ടി മുസ്ലിയാർ സദർ മുദരിസായി നിയമിക്കപ്പെട്ടു. 1957-ൽ അനാരോഗ്യം കാരണം പറവണ്ണ ഉസ്താദ് മാനേജർ സ്ഥാനവും മുദരിസ് സ്ഥാനവും ഒഴിയുകയും കെ.വി. മുഹമ്മദ് മുസ്ലിയാർ മാനേജറായി നിയമിക്കപ്പെടുകയും ചെയ്തു.
CHERUSSERY ZAINUDDHIN MUSLIYAR
       സ്ഥാപനം സമസ്ത ഏറ്റെടുത്തതിന് ശേഷം മുഖ്തസർ, മുതവ്വൽ ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പ്രകാരം ദർസ് ഉയർത്തുവാൻ തീരുമാനിക്കുകയും ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരെ സദർ മുദരിസായി നിയമിക്കുകയും ചെയ്തു. ഉസ്താദ് എ. ബീരാൻകുട്ടി മുസ്ലിയാരെയും പിന്നീട് കെ.കെ ഹസറത്തിനെയും മുദരിസുമാരായി നിയമിച്ചു.
    കോളേജ് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് ഉയർന്ന് കൊണ്ടിരുന്നു. ഉയർന്ന കിതാബുകൾ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികൾ അന്ന് സ്ഥാപനത്തിലുണ്ടായിരുന്നു. 1958 ഒക്ടോബർ 28-ന് ശംസുൽ ഉലമ മുദരിസും മാനേജറുമായി നിയമിക്കപ്പെട്ടു. ശംസുൽ ഉലമയുടെ നേതൃത്വത്തിൽ 1959 ഒക്ടോബർ 30 കോളേജ് സമസ്തയുമായി രജിസ്റ്റർ ചെയ്തു. സയ്യിദ് എം.പി നൂർകോയ തങ്ങൾ താനൂർ, എം.കുഞ്ഞിക്കോയമുട്ടി സാഹിബ് താനൂർ, വി.പി. മമ്മുസാഹിബ് താനൂർ, വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ (സമസ്ത പ്രസിഡൻറ്റ്), പി. ഇബ്രാഹിം മുസ്ലിയാർ(സമസ്ത വൈസ് പ്രസിഡൻറ്റ്), ഇ.കെ. അബൂബക്കർ മുസ്ലിയാർ (സമസ്ത ജനറൽ സെക്രട്ടറി), ബേപ്പൂർ ഖാസി പി.പി. മുഹമ്മദ് മുസ്ലിയാർ (സമസ്ത ട്രഷറർ) എന്നിവരാണ് രജിസ്റ്ററിൽ ഒപ്പ് വെച്ചത്. ഇതോടെ സമസ്തയും പ്രദേശവാസികളും മറ്റു പ്രമുഖരും കോളേജിൻറെ ഉയർച്ചക്കായി കഠിന യത്നം ചെയ്തു. ഈ സമയത്ത് സ്ഥാപനത്തിൽ നൂറിൽപരം വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു.
    സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, PMSA പൂക്കോയതങ്ങൾ, MP ആറ്റക്കോയതങ്ങൾ താനൂർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, എം.എം ബശീർ മുസ്ലിയാർ, വാണിയംബലം അബ്ദുറഹ്മാൻ മുസ്ലിയാർ, ടി.കെ അബ്ദുല്ല മുസ്ലിയാർ പരപ്പനങ്ങാടി, പൂന്താവനം എൻ. അബ്ദുല്ല മുസ്ലിയാർ, എം കോയക്കുട്ടി ഹാജി (വടകര) സി.എച്ച് അബ്ദുറഹ്മാൻ മുസ്ലിയാർ, ബാദുഷ ഹാജി (പെരിന്തൽമണ്ണ) എൻ. മൊയ്തീൻ ഹാജി താനൂർ, വി.പി മമ്മു സാഹിബ് താനൂർ, കെ. സൈതാലിക്കുട്ടി മാസ്റ്റർ താനൂർ, എ.മുഹമ്മദ് കുട്ടി സാഹിബ് താനൂർ, ഇ. കുഞ്ഞിമുഹമ്മദ് ഹാജി താനൂർ, ഒ. കുട്ട്യാലി ഹാജി താനൂർ, യു.വി. കുഞ്ഞിമുഹമ്മദ് ഹാജി, കകോടൻ മമ്മുസാഹിബ് ബത്തേരി, പി. മൊയ്തീൻ ഹാജി കൂരിയാട് എന്നീ നാമങ്ങൾ ഇസ്ലാഹിൻറെ ചരിത്രത്തിൽ മായാതെ സീക്ഷിക്കപ്പെടേണ്ടവരാണ്.
    പിൽക്കാലത്ത് ശുദ്ധജലത്തിൻറെയും മറ്റും അസൌകര്യം കാരണം വിദ്യാർത്ഥികൾ കുറയാൻ തുടങ്ങി. വിദ്യാർത്ഥികൾ കുറഞ്ഞതോടെ ശംസുൽ ഉലമ കോളേജിൽ നിന്ന് ഒഴിയുകയും വി.ടി. അബ്ദുല്ലകോയ തങ്ങൾ എടരിക്കോട് അവർകളെ മാനേജറായി നിയമിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപനത്തിൻറെ ഭൌതിക സൌകര്യങ്ങൾ വർദ്ധിപ്പിച്ചെങ്കിലും വിദ്യാർത്ഥികളുടെ കുറവ്  നികത്താനായില്ല. 1964-ൽ മഹാനായ കെ.കെ. അബൂബക്കർ ഹസ്റത്തിനെ ബാഖിയാത്തിലേക്ക് മുദരിസായി ക്ഷണിച്ചതിനാൽ അദ്ദേഹവും കോളേജിൽ നിന്ന് വിടവാങ്ങി. കെ.കെ ഹസ്റത്ത് മുദരിസായിരുന്ന കാലത്ത് താനൂരിലെ പ്രദേശവാസികൾക്ക് പ്രാഥമിക പഠനത്തിനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി. അദ്ദേഹമാണ് കോളേജിന് സമീപത്തുള്ള ഹയാതുസ്വിബിയാൻ മദ്രസ സ്ഥാപിച്ചത്.
    1963 മുതൽ സ്ഥാപനത്തിൻറെ മാനേജറായിരുന്ന വി.ടി അബ്ദുല്ലകോയ തങ്ങൾ 1967-ൽ വഫാത്തായി. തുടർന്ന് സി. ഇബ്രാഹിംകുട്ടി സാഹിബ്, യു.വി. കുഞ്ഞിമുഹമ്മദ് ഹാജി എന്നിവർ യഥാക്രമം മാനേജർമാരായി. 1991-ൽ ഉസ്താദ് സി.എച്ച്. ഹൈദ്രോസ് മുസ്ലിയാരെ മാനേജറായി നിയമിക്കുകയും ദർസിൻറെ പുരോഗതിക്കായി പല പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുകയും ചെയ്തു. എ. മരക്കാർ മുസ്ലിയാരെ മുദരിസായി നിയമിക്കുകയും ഏഴാം ക്ലാസ് പാസായ കുട്ടികളെ എല്ലാവിധ ചെലവുകളോടുകൂടിയും വ്യവസ്ഥപിതമായ രീതിയിൽ കോളേജ് മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിച്ചു. പക്ഷെ മുതഅല്ലിമീങ്ങളെ കിട്ടാതെ വന്നപ്പോൾ ആ പദ്ധതി ഉപേക്ഷിക്കുകയും മരക്കാർ മുസ്ലിയാർ കരിങ്ങനാട് ദർസിലേക്ക് സ്ഥലം മാറുകയും ചെയ്തു.
     അതിനിടെ പട്ടിക്കാട് ജാമിഅഃയിൽ ചേരാൻ വരുന്ന വിദ്യാർത്ഥികളിൽ നിന്ന് അവിടെ ചേർത്ത് ബാക്കി വരുന്ന വിദ്യാർത്ഥികളെ ഇവിടെ ചേർത്ത് ജാമിഅക്ക് കീഴിൽ തന്നെ മുഖ്തസർ ക്ലാസുകൾ ആരംഭിക്കാൻ എം.എം ബശാർ മുസ്ലിയാരുടെ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിക്കുകയും കുട്ടികളെ ക്ഷണിക്കുകയും ചെയ്തു. പക്ഷെ വിദ്യാർത്ഥികളുടെ കുറവ് കാരണം ആ പദ്ധതിയും ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് കോളേജിൻറെ പുരോഗതിക്കായി പനപ്രവർത്തനങ്ങളും നടത്തിയെങ്കിലും വിജയത്തിലെത്തിയില്ല. കെ.ഹംസ മുസ്ലിയാർ എടക്കര, അബ്ദുറസാഖ് മുസ്ലിയാർ, മുഹമ്മദ് കുട്ടി മുസ്ലിയാർ കൊടുവായൂർ, അബ്ദുല്ലത്തീഫ് മുസ്ലിയാർ ആതവനാട്, മൊയ്തുണ്ണി മുസ്ലിയാർ കുന്നംകുളം, ഖാസിം മുസ്ലിയാർ ഒറ്റപ്പാലം എന്നിവർ കോളേജിൽ യഥാക്രമം മുദരിസുമാരായി സേവനമനുഷ്ഠിച്ചവരാണ്. 1957 മുതൽ സ്ഥാപനത്തിൽ മുദരിസായിരുന്ന എ. ബീരാൻകുട്ടി മുസ്ലിയാർ 1986-ൽ വഫാതായി. 1986-ൽ ഉസ്താദ് അബ്ദുസ്സമദ് ഫൈസി മുദരിസായി നിയമിക്കപ്പെട്ടു.
   പിൽകാലത്ത് കോളേജിൻറെ അധിക ഭാഗവും ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ സ്ഥാപനത്തിൻറെ സ്ഥാപിത ലക്ഷ്യമായ ദർസ് നിലനിർത്താനായി ഒരു ദർസ് ഹാൾ മാത്രം ഒഴിവാക്കി ബാക്കി ഭാഗങ്ങളിലെല്ലാം പ്രാഥമിക മദ്രസ പഠനത്തിന് സൌകര്യപ്പെടുത്തിക്കൊടുക്കുകയായിരുന്നു. 1996 വരെ സ്ഥാപനം ഈ അവസ്ഥയിൽ പ്രാഥമിക മദ്രസയായി തുടർന്ന് കൊണ്ടിരുന്നു.
   1996 സയ്യിദ് പി.പി. തങ്ങൾ കണ്ണന്തള്ളി, സി.കെ.എം ബാവുട്ടി ഹാജി, സി.എം അബ്ദുസ്സമദ് ഫൈസി, പി.പി. മൊയ്തുട്ടി ഹാജി തുടങ്ങിയവരുടെ കർമഫലമായി സ്ഥാപനം വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ച് വരാൻ തുടങ്ങി. 1996 മാർച്ച് 18-ന് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുയെ കാർമികത്വത്തിൽ കോളേജ് മാനേജറും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള കോളേജിലെ പഠനം ഉദ്ഘാടനം ചെയ്തു. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ സിലബസ് പ്രകാരം മത ഭൌതിക വിഷയങ്ങളും അറബി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളും ഉൾകൊള്ളുന്ന 12 വർഷത്തെ ബൃഹത്തായ പാഠ്യപദ്ധതിയനുസരിച്ചാണ് ഇന്ന് സ്ഥാപനം മുന്നോട്ട് പോവുന്നത്.
KOOTTUM ALABAPU MUSLIYAR

   ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ മാനേജറും സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ പ്രസിഡൻറായും ജഃ സി.കെ.എം ബാവുട്ടി ഹാജി സെക്രട്ടറിയും ഉസ്താദ് സി.എം അബ്ദുസ്സമദ് ഫൈസി പ്രിൻസിപ്പളുമായ സമിതിയാണ് കോളേജിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
    കോളേജിൻറെ ഭൌതിക സൌകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി 2002-ൽ കോളേജിൻറെ സ്ഥാപക നേതാവ് പാങ്ങിൽ അഹമ്മദ്കുട്ടി മുസ്ലിയാരുടെ നാമധേയത്തിൽ ഒരു കെട്ടിടം പൊളിച്ചുമാറ്റി തൽസ്ഥാനത്ത് ഒരു പുതിയ കെട്ടിടം സമസ്ത നേരിട്ട് തന്നെ പണിക്കഴിപ്പിച്ചിരിക്കുകയാണ്. ചരിത്രത്തിൻറെ ഇടനാഴികളിൽ തിളങ്ങിയും വിളങ്ങിയും നിലനിന്ന താനൂരിനെയും ഇസ്ലാഹിനെയും പുനർ ജനിപ്പിക്കാൻ സർവ്വശക്തൻ തുണക്കട്ടെ.

കുതുബുഖാന
        അത്യപൂർവ്വവും മൂല്യവത്തുമായ പ്രമുഖരുടെ കിതാബുകൾ ഉൾകൊള്ളുന്നതാണ് സ്ഥാപനത്തോടനുബദ്ധിച്ച് വലിയകുളങ്ങര പള്ളിയിലുള്ള കുതുബുഖാന. വൈജ്ഞാനിക രംഗത്തെ അത്ഭുത പ്രതിഭാസങ്ങളായ ജവാഹിറുൽ ഖംസാ (പഞ്ചരത്നങ്ങൾ) എന്ന അത്യുന്നതമായ ഗ്രന്ഥം ഈ കുതുബുഖാനയിലുണ്ട്. വ്യത്യസ്തമായ അഞ്ച് വിഷയങ്ങൾ ഉൾകൊള്ളുന്നത് കൊണ്ടാണ് ഈ ഗ്രന്ഥത്തിന് പ്രസ്തുത പേർ സിദ്ധിച്ചത്. സ്വർഫ്, നഹവ്, ഫിഖ്ഹ്, അറൂള(കാവ്യ ശാസ്ത്രം) അഖീദഃ എന്നീ വിഷയങ്ങൾ ഈ ഗ്രന്ഥത്തിൻറെ ഓരോ താളിലും ഉൾകൊള്ളുന്നു എന്നതാണ് ഏറെ ആശ്ചര്യ ജനകം. വ്യത്യസ്ത ദിശകളിലൂടെ വായിച്ചാൽ വിവിധ വിഷയങ്ങളായിരിക്കും, കൂടാതെ, ഇംദാദ്, റൌള, തുഹ്ഫ, ഖാമൂസ് തുടങ്ങിയ അനവധി ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതിയും ഈ കുതുബുഖാനയെ ധന്യമാക്കുന്നു.
  പല ഗ്രന്ഥങ്ങളും സ്വർണ ലിപിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഒട്ടകത്തിൻറെ തോൽകൊണ്ട് പുറംചട്ട തയ്യാറാക്കിയ പല ഗ്രന്ഥങ്ങളും ഈ ശേഖരണത്തിലുണ്ട്. കൂടാതെ ഹനഫീ മദ്ഹബിൻറെ ആധികാരിക ഗ്രന്ഥമായ ഫതാവേ ആലംഗീരിയുടെ ആറ് വാള്യങ്ങളും കുതുബ്ഖാനയിലുണ്ട്. പല ഗ്രന്ഥങ്ങളും ആയിരത്തിലധികം പഴക്കമുള്ളവയാണ്. പല പ്രമുഖ പണ്ഡിതൻമാരും ഇവിടെ റഫറൻസിനായി എത്താറുണ്ട്.
  സമസ്ത ഏറ്റെടുത്തതിനുശേഷമുള്ള കോളേജ് മാനേജർമാർ
1.       കെ.പി.കെ. മൊയ്തീൻകുട്ടി മുസ്ലിയാർ പറവണ്ണ 1954-1957
2.       കെ.വി. മുഹമ്മദ് മുസ്ലിയാർ കൂറ്റനാട് 1957-1958
3.       ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ 1958-1963
4.       സയ്യിദ് വി.ടി അബ്ദുല്ലക്കോയ തങ്ങൾ 1963
5.       സി. ഇബ്രാഹിം കുട്ടി സാഹിബ്
6.       യു.വി. കുഞ്ഞിമുഹമ്മദ് ഹാജി
7.       സി.എച്ച്. ഹൈദ്രോസ് മുസ്ലിയാർ 1971-1993
8.       ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ 1993-2016
9.       ടി.എം ബാപ്പു മുസ്ലിയാർ 2016-



ഇസ്വലാഹ് അറിവിൻ വഴിയിൽ ഒരു വിളക്കുമാടം ഇസ്വലാഹ് അറിവിൻ വഴിയിൽ ഒരു വിളക്കുമാടം Reviewed by Unknown on 20:26 Rating: 5

No comments:

Powered by Blogger.